
നയ്പിറ്റോ: പട്ടാള അട്ടിമറിക്കെതിരേ പ്രക്ഷോഭം നടക്കുന്ന മ്യാന്മറില് പോലിസിന്റെ വെടിയേറ്റ് രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വെടിവയ്പില്‍ ഒരു പതിനെട്ടുകാരനും 36 കാരനുമാണ് കൊല്ലപ്പെട്ടത്. 30 ഓളം പേര്‍ക്ക് പരിക്കേറ്റു.
മ്യാന്മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ യാങ്കോണ്‍ ആസ്ഥാനമായുള്ള മാണ്ഡലെയിലായിരുന്നു പ്രതിഷേധം. മാണ്ഡലെയിലെ യാദനാര്‍ബന്‍ ഷിപ്പ് യാര്‍ഡില്‍ പ്രതിഷേധക്കാരെ തടയാന്‍ വലിയ പോലിസ് സന്നാഹവും സൈന്യവും നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ ഇവരോട് പിന്മാറാന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാസേന തയ്യാറായില്ല. പ്രതിഷേധക്കാര്‍ക്ക് ഒപ്പമുളള തൊഴിലാളികളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കാനാണ് സേന നിലയുറപ്പിച്ചതെന്ന അഭ്യൂഹം പരന്നിരുന്നു. ഇതെത്തുടര്‍ന്നാണ് സൈന്യം പിന്മാറണമെന്ന ആവശ്യം പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കികള്‍, ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവ പ്രയോഗിച്ചു. എന്നാല്‍, ഇതുകൊണ്ടൊന്നും പ്രതിഷേധക്കാര്‍ പിന്‍വാങ്ങില്ലെന്ന് വ്യക്തമായതോടെ വെടിയുതിര്‍ക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്ക് തലയ്ക്കും മറ്റൊരാള്‍ക്ക് നെഞ്ചിലുമാണ് വെടിയേറ്റിരിക്കുന്നത്. അഞ്ചുപേര്‍ക്ക് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചതിനെത്തുടര്‍ന്ന് പരിക്കേല്‍ക്കുകയും ആംബുലന്‍സുകളില്‍ കൊണ്ടുപോവുകയും ചെയ്തിട്ടുണ്ടെന്ന് വെടിവയ്പ്പിന് സാക്ഷിയായ അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റ് വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിനാണ് മ്യാന്മറില് സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം വീണ്ടും അധികാരം പിടിച്ചത്. തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് അധികാരം പുനഃസ്ഥാപിച്ച് കിട്ടുംവരെ പ്രക്ഷോഭം തുടരുമെന്നാണ് സൈന്യത്തിനെതിരേ നിലയുറപ്പിച്ചവര്‍ പറയുന്നത്. പ്രക്ഷോഭകരെ നേരിടാന്‍ വന്‍ പോലിസ് സന്നാഹത്തെയും സൈന്യത്തെയുമാണ് വിന്യസിച്ചിട്ടുള്ളത്.
പ്രതിഷേധക്കാര്‍ക്കൊപ്പം അണിനിരന്നതിന്റെ പേരില്‍ റെയില്‍വേയിലെ തൊഴിലാളികള്‍ക്കെതിരേ കഴിഞ്ഞദിവസം സൈന്യം ആക്രമണം അഴിച്ചുവിട്ടിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)