
'സീസണ് ഓഫ് ഡ്രീമേഴ്സ്' എന്നാണ് ബിഗ് ബോസ് മലയാളം സീസണ് 3നെ അവതാരകനായ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ഒരുപാട് സ്വപ്നങ്ങളുമായി വന്നവരാണ് അക്കൂട്ടത്തില്‍ ഭൂരിഭാഗവും എന്നതാണ് അതിന് കാരണം. അവരത് തുറന്നുപറയുന്നുമുണ്ട്. വാലന്റൈന്‍ ദിനത്തില്‍ ആരംഭിച്ച ജനപ്രിയ റിയാലിറ്റി ഷോയുടെ പുതിയ സീസണില്‍ 14 മത്സരാര്‍ഥികളാണ് ഉള്ളത്. മുഴുവന്‍ മലയാളികള്‍ക്കും പരിചിതരായവര്ക്കൊപ്പം 'പുതുമുഖങ്ങളും' ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ മത്സരാര്‍ഥികളുടെ ലിസ്റ്റ്. സീസണ് 3ലെ മുഴുവന്‍ മത്സരാര്ഥികളെയും വിശദമായി അറിയാം..
1. നോബി മാര്‍ക്കോസ്
പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാള്‍. സ്റ്റേജിലോ മിനിസ്ക്രീനിലോ ബിഗ് സ്ക്രീനിലോ നോബിയുടെ കോമഡി കണ്ട് ചിരിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല.
2. ഡിംപല്‍ ഭാല
ബിഗ് ബോസിലേക്ക് ഒരു സൈക്കോളജിസ്റ്റ്. പ്രേക്ഷകര്‍ക്ക് അത്ര പരിചയമുണ്ടാവാന്‍ സാധ്യതയില്ലാത്ത മത്സരാര്‍ഥി. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ പൂര്‍ത്തിയാക്കിയ ഡിംപല്‍ കുട്ടികളുടെ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു. ഉത്തര്‍പ്രദേശുകാരനായ അച്ഛന്റെയും മലയാളിയായ അമ്മയുടെയും മകള്‍.
3. കിടിലം ഫിറോസ് (ഫിറോസ്ഖാന് അബ്ദുല്‍ അസീസ്)
ബിഗ് ബോസില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഈ റേഡിയോ ജോക്കി. പേരിനു മുന്‍പ് 'കിടിലം' എന്നു ചേര്‍ത്ത ആത്മവിശ്വാസത്തിന്റെ മുഖം. എഫ് എം സ്റ്റേഷനുകളില്‍ നിന്ന് മലയാളി ആദ്യം തിരിച്ചറിഞ്ഞ ശബ്ദങ്ങളില്‍ ഒന്ന്. സാമൂഹ്യപ്രവര്‍ത്തകന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, നടന്
4. മണിക്കുട്ടന്
കൊച്ചുണ്ണി'യെപ്പോലെ മനം കവരാന്‍ മണിക്കുട്ടന്. മുഖവുര ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയതാരം. 'കായംകുളം കൊച്ചുണ്ണി' എന്ന സീരിയലിലെ ടൈറ്റില്‍ കഥാപാത്രമായാണ് മണിക്കുട്ടനെ പ്രേക്ഷകര്‍ ആദ്യമറിയുന്നത്. നിരവധി സിനിമകളിലൂടെ പിന്നീട് പ്രിയങ്കരനായി.
5. മജീസിയ ഭാനു
ഈ കോഴിക്കോട്ടുകാരിയെ ഒന്ന് നോട്ട് ചെയ്തുവച്ചോളൂ ബോക്സിംഗ് എന്ന ആഗ്രഹത്തില്‍ നിന്ന് പവര്‍ ലിഫ്റ്റിംഗ് മേഖലയിലേക്കെത്തി നേട്ടങ്ങള്‍ കൊയ്യുന്ന അഭിമാനതാരം. കോഴിക്കോട്ടെ ചെറുഗ്രാമത്തില്‍ നിന്നുള്ള മജീസിയ 2017ലെ ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡലോടെയാണ് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
6. സൂര്യ ജെ മേനോന്
ബിഗ് ബോസിലെത്തുമ്പോള്‍ സൂര്യയുടെ ആഗ്രഹം. കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാള്‍. ആര്‍ജെ ആയും പ്രവര്‍ത്തിച്ചിട്ടുള്ള സൂര്യ നടിയും മോഡലുമാണ്.
7. ലക്ഷ്മി ജയന്
സംഗീത വേദികളില്‍ നിന്ന് ബിഗ് ബോസിലേക്ക്. ഗായിക എന്ന നിലയില്‍ അറിയപ്പെടാനാണ് ഏറ്റവും ആഗ്രഹമെങ്കിലും പല നിലകളില്‍ കഴിവ് തെളിയിച്ച കലാകാരി. ഒരേ ഗാനം ആണ്-പെണ് ശബ്ദങ്ങളില്‍ ആലപിച്ച് വേദികളെ വിസ്മയിപ്പിച്ചിട്ടുണ്ട്.
8. സായ് വിഷ്ണു
നടനാവണം, ഓസ്കര് നേടണം! സിനിമ എന്ന കലയെ ജീവനുതുല്യം സ്നേഹിക്കുന്ന താനെന്ന അഭിനേതാവിനെ ബിഗ് സ്ക്രീനില്‍ സ്വപ്നം കാണുന്ന ചെറുപ്പക്കാരന്, അതാണ് സായ് വിഷ്ണു. കാന്‍, ഓസ്കര് വേദികളിലൊക്കെ മികച്ച നടനുള്ള പുരസ്കാര പ്രഖ്യാപനത്തില്‍ ഒരിക്കല്‍ തന്റെ പേര് വിളിക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ സ്വപ്നം.
9. അനൂപ് കൃഷ്ണന്
സീതാകല്യാണത്തില്‍ നിന്നും ബിഗ് ബോസിലേക്ക്. മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത താരം. സിനിമയില്‍ മുഖം കാണിച്ചതിനുശേഷം സീരിയലിലേക്ക് എത്തിയ താരമാണ് അനൂപ്. സീതാകല്യാണത്തിലെ വേഷമാണ് ബ്രേക്ക് നേടിക്കൊടുത്തത്.
10. അഡോണി ടി ജോണ്‍
മഹാരാജാസിന്റെ സ്വന്തം അഡോണി. ഇത്തവണത്തെ ബിഗ് ബോസിലെ പ്രായംകുറഞ്ഞ മത്സരാര്ഥികളില് ഒരാള്‍. മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ അഡോണി നിലവില്‍ എറണാകുളം മഹാരാജാസ് കോളെജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി ചെയ്യുന്നു.
11. റംസാന് മുഹമ്മദ്
ബിഗ് ബോസിലും ചുവടുറപ്പിക്കുമോ റംസാന്?നൃത്തവേദികളിലെ യംഗ് സൂപ്പര്‍സ്റ്റാര്‍. ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തന്‍. റംസാനെ അറിയാത്തവര്‍ കുറവായിരിക്കും.
12. റിതു മന്ത്ര
ഫാഷന്‍ റാംപില്‍ നിന്ന് ബിഗ് ബോസിലേക്ക. കണ്ണൂര്‍ സ്വദേശി. ബംഗളൂരുവില്‍ ബിരുദാനന്തരബിരുദ പഠനത്തിനിടെ മോഡലിംഗ്, ഫാഷന്‍ രംഗത്തേക്ക് കടന്നുവന്നു. ഗായിക, നടി. ഓപറേഷന് ജാവയാണ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.
13. സന്ധ്യ മനോജ്
ബിഗ് ബോസിലെ നര്‍ത്തകി.ഭരതനാട്യമായിരുന്നു സന്ധ്യയുടെ ആദ്യ ഇഷ്ടം. പിന്നീട് നൃത്തത്തോടുള്ള പ്രണയം ഒഡീസിയിലേക്ക് എത്തിച്ചു. നിരവധി വേദികളിലെ ചുവടുകളാല്‍ കൈയടി നേടിയ പ്രതിഭ.
14. ഭാഗ്യലക്ഷ്മി
ഇത്തവണത്തെ ബിഗ് ബോസിലെ ഏറ്റവും പ്രശസ്ത സാന്നിധ്യം. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, നടി, ആക്ടിവിസ്റ്റ് എന്നിങ്ങനെ പല റോളുകളില്‍ മലയാളികള്‍ക്ക് ഏറെ പരിചിതയായ സാന്നിധ്യം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)