
ന്യൂഡൽഹി: വാട്സാപ്പ്, ആമസോൺ, ഗൂഗിൾ തുടങ്ങിയവയുടെ പേമെന്റ് സേവനങ്ങൾ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് റിസർവ് ബാങ്ക് സുപ്രീംകോടതിയിൽ. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) ആണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും അറിയിച്ചു.
യു.പി.ഐ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) പ്ലാറ്റ്ഫോമുകൾ വഴി ശേഖരിക്കുന്ന ഇന്ത്യക്കാരുടെ വിവരം കോർപ്പറേറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി. നൽകിയ ഹർജിയിലാണ് റിസർവ് ബാങ്ക് മറുപടി നൽകിയത്. തേഡ് പാർട്ടി ആപ്പ് പ്രൊവൈഡർമാർക്ക് (ടി.പി.എ.പി.) റിസർവ് ബാങ്കല്ല അനുമതി നൽകുന്നത്. ഇവ നേരിട്ട് റിസർവ് ബാങ്കിന്റെ കീഴിൽ വരുന്നുമില്ല. ആമസോൺ, ഗൂഗിൾ, വാട്സാപ്പ് എന്നിവയ്ക്ക് യു.പി.ഐ സേവനം നൽകാൻ അനുമതി കൊടുത്തത് എൻ.പി.സി.ഐ ആണ്.
വാട്സാപ്പിന്റെ സിസ്റ്റം സുരക്ഷിതമല്ലെന്നും അവർക്ക് പേമെന്റ് സേവനം അനുവദിക്കരുതെന്നും ബിനോയ് വിശ്വം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിലെ ചാര സോഫ്റ്റ്വേറായ പെഗാസസ് വാട്സാപ്പ് ഉപയോക്താക്കളുടെ വിവരം ശേഖരിച്ചതുമായി ബന്ധപ്പെട്ട വിവാദവും അന്ന് ചൂണ്ടിക്കാട്ടി. തങ്ങളുടെ സിസ്റ്റത്തെ പെഗാസസ് ഹാക്ക് ചെയ്തുവെന്ന വാദം തീർത്തും അടിസ്ഥാന രഹിതമാണെന്ന് വാട്സാപ്പ് വ്യക്തമാക്കിയിരുന്നു.
യു.എസ് കോടതിയിൽ വാട്സാപ്പ് നൽകിയ പരാതിയെത്തുടർന്ന് കഴിഞ്ഞ വർഷമാണ് പെഗാസസ് വിഷയം ചർച്ചയായത്. വാട്സാപ്പ് ഉപയോഗിക്കുന്ന 1400 പേരുടെ വിവരങ്ങൾ പെഗാസസ് നിരീക്ഷിച്ചുവെന്നും അതിൽ ഇന്ത്യക്കാരുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകൾ.
പൗരൻമാരുടെ സ്വകാര്യത ലംഘിക്കാത്തവിധം മാർഗരേഖയുണ്ടാക്കാൻ റിസർവ് ബാങ്കിന് നിർദേശം നൽകണമെന്നാണ് അഡ്വ. ശ്രീറാം പറക്കാട്ട് വഴി ബിനോയ് വിശ്വം ഫയൽ ചെയ്ത ഹർജിയിലെ ആവശ്യം. പേമെന്റ് സേവനങ്ങൾക്കായി ഗൂഗിൾ, ആമസോൺ, വാട്സാപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ ശേഖരിക്കുന്ന വിവരം മൂന്നാംകക്ഷിയുമായി പങ്ക് വെയ്ക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)