
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുമ്പില്‍ പിച്ചചട്ടിയുമായി ചെന്ന് യാജിക്കാനില്ലെന്നും കോടതിയില്‍ യുദ്ധം ചെയ്യുമെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. ഗുപ്കാര്‍ കമ്മീഷന് കീഴില്‍ ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന് പീപ്പിള്‍ അലയന്‍സ് രൂപവത്കരിച്ചതില്‍ ഇന്ത്യ ടുഡേയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു സര്‍ക്കാറും ഏറെ കാലം വാഴില്ല. ഞങ്ങള്‍ കാത്തിരിക്കും. പാത്രത്തിലുള്ളതിനെ തിളപ്പിച്ച് കൊണ്ടേയിരിക്കും. ഒരിക്കലും വിട്ട് കൊടുക്കില്ല.'- അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിനെതിരെ ഉമറിന്റെ ദേഷ്യം കാണാനാകൂമോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് 'ഏറെ നാള് തുറങ്കലിലടയ്ക്കപ്പെട്ട ശേഷം പുറത്ത് വരുന്ന ഒരാള്‍ക്ക് സന്തോഷം ഉണ്ടാവുമോ'- എന്ന മറുപടിയാണ് ലഭിച്ചത്.
'എന്റെ ദേഷ്യത്തെ ചോദ്യം ചെയ്യരുത്. എന്തുകൊണ്ട് തുറങ്കിലടച്ചവരെ ചോദ്യം ചെയ്യുന്നില്ല. പൊതു സുരക്ഷാ നിയമത്തിന്റെ പേരുപറഞ്ഞ് കാലങ്ങളായി എന്നെ തടവിലാക്കി. അത് എന്റെ ജനതയ്ക്കെതിരായ ഭീഷണിയായി ഞാന്‍ കണക്കാക്കുന്നു. ഞങ്ങളുണ്ടാക്കുന്ന സഖ്യം ആളുകളെ അലോസരപ്പെടുത്തുന്നത് എന്തിനാണ്. തങ്ങളും രാഷ്ട്രീയ പാര്‍ട്ടികളാണ്. ലഡാക്കിലെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്താണ് ഞങ്ങള്‍ ചെയ്യുന്നത്. മെഹബൂബ മുഫ്തിയെ 14 മാസത്തോളവും തന്നെ ഒമ്പത് മാസത്തോളവും എന്റെ അച്ഛന് മാസങ്ങളോളവും തടങ്കലിലിട്ടു. ഇത്രയും സമയം തന്നെ ധാരാളമായിരുന്നു ഒരു ബദല്‍ നീക്കം നടത്താന്‍.'- അദ്ദേഹം പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)