
-പ്രകാശ് കുണ്ടറ-
(ഒരു ഗവ. സ്കൂള്‍ അദ്ധ്യാപകന്)
കോവിഡ് കാലം ഇവർക്ക് ചാകരയാണ്...
കനത്ത ഫീസ് വാങ്ങി പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോവിഡ് ചാകരക്കാലം തന്നെയാണ്.
റെക്കാർഡ് ചെയ്തു വച്ചിരിക്കുന്ന ഓൺലൈൻ ക്ളാസ്സുകളുടെ ക്ളിപ്പുകൾ ഓൺ ലൈനിലൂടെ വിതരണം ചെയ്ത് കോഴ്സിന്റെ മുഴുവൻ ഫീസും വാങ്ങുകയാണ് ഈ സ്ഥാപനങ്ങൾ ചെയ്യുന്നത്.
പണം ഫീസായി യഥാസമയം കിട്ടിയില്ലെങ്കിൽ കുട്ടികളെ കാരണം പോലുമറിയിക്കാതെ ഓൺലൈൻ ക്ളാസ്സുകളിൽ നിന്ന് ഒഴിവാക്കുകയാണ്.
ഓൺലൈൻ ക്ളാസ്സുകൾ എന്ന് പറയുന്നത് കേവലം ചില ക്ലിപ്പുകള്‍ സംഘടിപ്പിച്ച് തട്ടിക്കൂട്ടുകയാണ് ഈ സ്ഥാപനങ്ങൾ ചെയ്യുന്നത്.
സർക്കാർ സൗജന്യമായിത്തരുന്ന വിക്ടേഴ്സ് ചാനലിലെ ക്ളാസുകൾ തങ്ങളുടെ ആപ്പുകളിലൂടെ നൽകി ഫീസ് വാങ്ങുന്ന വിരുതുള്ള സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ലോക് ഡൗൺ തുടങ്ങിയതു മുതൽ അദ്ധ്യാപകരേയോ ഫാക്കൽറ്റിയെയോ ഉപയോഗ്യമാക്കാതെ ഇവരുടെ ശമ്പളം പോലും നൽകാത്തിടത്താണ് ഈ ഓൺലൈൻ ക്ളാസ്സ് തട്ടിപ്പ്.
കുട്ടികളുമായി ഇന്ററാക്ട് ചെയ്യാൻ ഒരു ഉപാധിയുമില്ലാതെ നടത്തുന്ന ഈ ഓൺലൈൻ തട്ടിപ്പ് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഒപ്പം അദ്ധ്യാപകരുടെയും ഫാക്കൽട്ടിയുടെയും ജീവനക്കാരുടെയും ശമ്പളം ഇല്ലാത്ത അവസ്ഥയും പരിഹരിക്കേണ്ടതുണ്ട്. സ്ക്കൂളുകൾ തുറക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുന്നതിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തുവാനായി ഇക്കൂട്ടരുടെ കെണിയിൽ വീണ് കനത്ത ഫീസ് നൽകി സ്വകാര്യ വിദ്യാലയങ്ങളിൽ എത്തി തട്ടിപ്പിനിരയായ രക്ഷിതാക്കളുടെ എണ്ണം ക്രമാതീതമാണ്.
ഹയർ സെക്കന്‍ഡറി തലത്തിലേക്ക് രണ്ട് വർഷത്തേയ്ക്ക് രണ്ട് ലക്ഷവും അതിലധികം രൂപയും ഫീസായി വാങ്ങുന്ന സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
പ്രലോഭനങ്ങളുടെ ചതിക്കുഴിയിൽ പെട്ട് ആകുലപ്പെടുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ തിരുത്തൽ നയം ഇടിത്തീ പോലെ വരുന്നത്.
എന്താണ് പുതിയ കരിക്കുലം എന്ന് പോലുമറിയാതെ കുട്ടികളും രക്ഷിതാക്കളും ആശങ്കയിലാണ് ആർക്കും ഒരു രൂപ പോലും പ്രതിഫലം പോലും കൊടുക്കാതെ കോടാനുകോടി രൂപ തട്ടിപ്പുനടത്തുന്നു ഇക്കൂട്ടർ.
ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ അങ്ങിങ്ങ് ഉണ്ടാവുന്നെങ്കിലും ആ ശബ്ദങ്ങൾ മുളയിലേ നുള്ളിക്കളയുവാൻ ഇവർക്കാവുന്നുമുണ്ട്.
സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും പ്രവൃത്തി പഥത്തിലെത്തിക്കുവാൻ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം.
സ്വകാര്യ വിദ്യാഭ്യാസ മേഘല കയ്യാളുന്നവർ ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരും പ്രബല സമുദയത്തെ പ്രതിനിധീകരിക്കുന്നവരും ആയതിനാൽ ഭരണ പ്രതിപക്ഷ ഭേദമന്യേ ഇവരെ സഹായിക്കുന്ന സമീപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പരിമിതമായ വേതനം മാത്രം വാങ്ങി സംഘടിത സ്വഭാവമില്ലാതെ സേവനം ചെയ്യുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ജീവനോപാധിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഇത് ആത്മഹത്യാപരവും ആത്മഹത്യയിലേക്ക് നയിക്കുന്നതും തന്നെയാണ്.
ഇവരുടെ പരിദേവനങ്ങളും കണ്ടില്ലെന്ന് നടിക്കരുത്.
കോവിഡ് കാല സഹായങ്ങൾ പ്രഖ്യാപനത്തിലൊതുങ്ങിയാൽ പോരാ. ഈ ചൂഷണത്തിൽ നിന്ന് രക്ഷിതാക്കളേയും വിദ്യാർത്ഥികളേയും അദ്ധ്യാപരേയും രക്ഷപ്പെടുത്തേണ്ടതുണ്ട്. ഈ തട്ടിപ്പും അനീതിയും തിരിച്ചറിഞ്ഞ് വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാക്കി ഈ കോവിഡ് കാല തട്ടിപ്പിൽ നിന്നും രക്ഷിതാക്കളേയും അദ്ധ്യാപകരെയും സഹായിക്കേണ്ടതുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)