
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 880 ആണ്.
ഇന്ന് അഞ്ചുമരണം റിപ്പോര്‍ട്ട് ചെയ്തു.
- കാസര്‍കോട് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍ (53),
- തിരുവനന്തപുരം മര്യാപുരം സ്വദേശി കനകരാജ് (50),
- എറണാകുളം അയ്യമ്പുഴയിലെ മറിയംകുട്ടി (77),
- ഇടുക്കിയിലെ അജിതന് (55,
- പൊലീസ് സബ് ഇന്‍സ്പെക്ടര്‍. കഴിഞ്ഞദിവസം മരണമടഞ്ഞതാണ്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചു),
- കോട്ടയം കാരാപ്പുഴയിലെ ടി കെ വാസപ്പന് (89),
- കാസര്‍കോട്ടെ ആദം കുഞ്ഞി (65) എന്നിവരാണ് മരണമടഞ്ഞത്.
ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
1,068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 45. വിദേശത്തുനിന്ന് 51 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 64 പേര്. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 22. കഴിഞ്ഞ 24 മണിക്കൂറിനകം 28,664 പരിശോധനകള്‍ നടത്തി.
ജില്ലകളില്‍ പോസിറ്റീവായവരുടെ കണക്ക്:
- തിരുവനന്തപുരം 266,
- മലപ്പുറം 261,
- എറണാകുളം 121,
- ആലപ്പുഴ 118,
- കോഴിക്കോട് 93,
- പാലക്കാട് 81,
- കോട്ടയം 76,
- കാസര്‍കോട് 68,
- ഇടുക്കി 42,
- കണ്ണൂര്‍ 31,
- പത്തനംതിട്ട 19,
- തൃശൂര്‍ 19,
- വയനാട് 12,
- കൊല്ലം 5.
തിരുവനന്തപുരത്ത് തീരദേശ സോണുകളില്‍ രോഗസാധ്യത കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പ്രവര്‍ത്തിക്കാം.
എറണാകുളം ജില്ലയിലെ പ്രധാന ക്ലസ്റ്റര്‍ ആയിരുന്ന ആലുവയില്‍ കോവിഡ് വ്യാപനം കുറഞ്ഞു വരികയാണ്. പശ്ചിമ കൊച്ചി മേഖലയില്‍ ആശങ്ക തുടരുകയാണ്. ഒരു ഇടവേളക്ക് ശേഷം ചെല്ലാനം മേഖലയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വയനാട് കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ള എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിനുള്ള നൂതന മാര്‍ഗങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ പൊലീസ് മേധാവിമാര്‍ തയ്യാറാക്കിയ പ്രതിരോധമാര്‍ഗങ്ങള്‍ പരസ്പരം മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നടപ്പിലാക്കും.
ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ ബിഹേവിയറല്‍ ട്രെയിനിങ് നല്‍കും. കോവിഡിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനിതകളുടെ സഹായം കൂടി ഇത്തരം ലഭ്യമാക്കുന്നുണ്ട്.
മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നും മൊത്ത വില്പന കേന്ദ്രങ്ങളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ മീന്‍ വില്പനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകള്‍ക്ക് കോവിഡ് പരിശോധന നടത്തും. പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമേ മീന്‍ വില്പനയ്ക്ക് പോകാന്‍ അനുമതി നല്‍കൂ.
കോണ്ടാക്ട് ട്രെയ്സിങ്ങിനായി പൊലീസ് നിരവധി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കോവിഡ് രോഗികളുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡ് അഥവാ സിഡിആര്‍ ശേഖരിക്കാന്‍ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് ഈ രീതിയിലുള്ള വിവരശേഖരണം നടത്താന്‍ അനുമതിയുണ്ട്. പൊതുജനാരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് കേരളത്തിലും സിഡിആര്‍ ശേഖരിച്ച് രോഗികളുടെ വിവരങ്ങള്‍ കണ്ടെത്തുന്നത്. ഏതാനും മാസങ്ങളായി ഈ മാര്‍ഗം ഉപയോഗിക്കുന്നുണ്ട്. കോണ്ടാക്ട് ട്രേസിങ്ങിനായുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയോ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാല്‍ സിഡിആര്‍ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം ആണെന്ന് വാദത്തില്‍ കഴമ്പില്ല.
പെട്ടിമുടിയില്‍ ദുരിതാശ്വ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ സംഘത്തിലെ ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആരില്‍ നിന്നും രോഗം ഉണ്ടായെന്ന് കണ്ടെത്തിയിട്ടില്ല. റെസ്ക്യൂ ഓപ്പറേഷനില്‍ പങ്കെടുത്തവര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് ഇദ്ദേഹവുമായി ഹൈ റിസ്ക് കോണ്ടാക്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 26 പേരുടെ ലിസ്റ്റ് തയ്യാറാക്കി. 12 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 14 പേരുടെ പരിശോധനാഫലം വരാനുണ്ട്.
ആര്‍ക്കും എവിടെ വച്ച് വേണമോ കോവിഡ് ബാധിക്കാമെന്ന തെളിവാണ് പെട്ടിമുടിയില്‍ മാധ്യമ ടീമിലെ ഒരംഗത്തിനുണ്ടായ കോവിഡ് ബാധ. ഇപ്പോള്‍ ആ ടീം ഉള്‍പ്പെടെ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാ മാധ്യമ പ്രവര്‍ത്തകരും ഒന്നാകെ ക്വാറന്റൈനില്‍ പോകേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.
വളരെ നേരത്തെ തന്നെ മാധ്യമ പ്രവര്‍ത്തകരോടും പൊതുപ്രവര്‍ത്തകരോടും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോഴും നമ്മള് കോവിഡില്‍ നിന്നും മുക്തരല്ല. അതിനാല്‍ തന്നെ അത്തരം പ്രദേശങ്ങളില്‍ പോകുമ്പോള്‍ മതിയായ ആരോഗ്യ ജാഗ്രത പാലിക്കേണ്ടതാണ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ മാധ്യമ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ജാഗ്രത പാലിക്കേണ്ടതാണ്. ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ക്വാറന്റൈനില്‍ പോകേണ്ടതാണ്.
ഈ പ്രദേശത്ത് തമിഴ്നാട്ടില്‍ നിന്നുള്ള ബന്ധുക്കളും വരുന്നുണ്ട്. പെട്ടിമുടിയില്‍ സേവനമനുഷ്ഠിക്കുന്ന റെസ്ക്യൂ ടീമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. സംശയമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ആലപ്പുഴയില്‍ നിന്നും വന്ന ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി. അതിനെ തുടര്‍ന്നാണ് പെട്ടിമുടിയിലെ പരിശോധനയും സര്‍വയലന്‍സും ശക്തമാക്കാന്‍ തീരുമാനിച്ചത്.
ദുരിത മുഖത്ത് ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ന് എന്‍ഡിആര്‍എഫിലെ ഒരാള്‍ക്ക് പോസിറ്റീവായിട്ടുണ്ട്. ഒരു ഡോക്ടര്‍, 2 സ്റ്റാഫ് നഴ്സ്, 3 ജെഎച്ച്ഐമാര്‍ എന്നിവര്‍ റെസ്ക്യൂ ടീമിനോടൊപ്പം സേവനമനുഷ്ഠിക്കുന്നുണ്ട്. ഒരേ സമയം 5 പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി രാജമലയിലെ എസ്റ്റേറ്റ് ഡിസ്പെന്സറിയില് 5 ടേബിളുകളും സജ്ജമാക്കിയിട്ടുണ്ട്. 5 ഡോക്ടര്‍മാര്‍, 4 നഴ്സിങ് അസിസ്റ്റന്റ്, 4 ജെഎച്ച്ഐമാര്‍ എന്നിവരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്.
ഇന്ന് കോവിഡ് സംബന്ധമായി ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. ഇന്നലെ കോവിഡ് 19 റിക്കവറി റേറ്റുമായി ബന്ധപ്പെട്ട് ഞാനെന്തോ തെറ്റായ കാര്യം പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചതായി അറിഞ്ഞു. തുടക്കത്തില്‍ 3 ടെസ്റ്റുകള്‍ നെഗറ്റീവായതിനു ശേഷം മാത്രമേ ആളുകളെ വീട്ടിലേയ്ക്ക് അയച്ചിരുന്നുള്ളൂ എന്നും, ഇപ്പോള്‍ ഒരു ടെസ്റ്റ് നെഗറ്റീവ് ആയാല്‍ തന്നെ വീട്ടിലേയ്ക്ക് പറഞ്ഞു വിടുന്നു എന്നുമാണ് അദ്ദേഹത്തിന്റെ 'ഞെട്ടിക്കുന്ന കണ്ടെത്തല്‍'.
അദ്ദേഹം ഒന്നും കാണുകയും കേള്‍ക്കുകയും ചെയ്യുകയും ചെയ്യുന്നില്ലെന്ന് തോന്നുന്നു. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം പുതിയ ഡിസ്ചാര്‍ജ് പോളിസി കൊണ്ടുവന്ന കാര്യം ഞാന്‍ ഈ പത്രസമ്മേളനത്തില്‍ ഞാന്‍ വ്യക്തമാക്കിയതാണ്. ആ തീരുമാനമെടുത്തതിന്റെ രേഖകള്‍ എല്ലാവര്ക്കും ലഭ്യമാണ്. അപ്പോഴാണ്, താനെന്തോ പുതിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി വരുന്നത്.
സംസ്ഥാനത്ത് തുടക്കത്തില്‍ രണ്ടും മൂന്നും ചിലപ്പോള്‍ അതിലധികവും ടെസ്റ്റുകള്‍ നടത്തിയാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. നമുക്കെല്ലാം ഓര്മയുള്ള കേസുകളുണ്ടെല്ലോ. ഇംഗ്ലണ്ടില്‍ നിന്നു വന്ന ആറډുള സ്വദേശിയെ 22 തവണ ടെസ്റ്റ് നടത്തി, 3 തവണ നെഗറ്റീവായതിനു ശേഷം ഡിസ്ചാര്‍ജ് ചെയ്ത വാര്‍ത്ത മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തതാണ്. ഇവിടെ പറഞ്ഞതുമാണ്. 41 ദിവസങ്ങളാണ് അവരെ നാം ആശുപത്രിയില്‍ ചികിത്സിച്ചത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയായ വീട്ടമ്മ കോവിഡ് മുക്തയായി വീട്ടിലേക്ക് മടങ്ങിയത് 48 ദിവസങ്ങള്‍ക്ക് ശേഷമാണ്. കേരളത്തിന്റെ റിക്കവറി റേറ്റ് മറ്റു സംസ്ഥാനങ്ങളേക്കാള്‍ തുടക്കം മുതലേ കുറഞ്ഞിരിക്കുന്നത് അതുതന്നെയാണ്.
മറ്റു സംസ്ഥാനങ്ങളില്‍ മിക്കതിലും രോഗികളെ അഡ്മിറ്റ് ചെയ്തതിനു ശേഷം 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ കുറഞ്ഞാല്‍ റിക്കവറി രേഖപ്പെടുത്തി വീട്ടിലേയ്ക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. അവര്‍ ആദ്യം തൊട്ടേ ചെയ്യുന്നത് അതാണ്. ഇപ്പോഴും അതു തന്നെയാണ് തുടര്‍ന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്രയും കേസുകള്‍ കൂടിയിട്ടും ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആകാതെ കേരളത്തില്‍ ഒരു രോഗിയേയും ഡിസ്ചാര്‍ജ് ചെയ്യുന്നില്ല. ഇത് ഇന്നലെ പത്ര സമ്മേളനത്തില്‍ ഞാന്‍ വ്യക്തമായി പറഞ്ഞതാണ്. അതദ്ദേഹം കേട്ടിട്ടുണ്ടാവില്ല എന്നു കരുതുന്നില്ല. പകരം, അതു കേള്‍ക്കാത്ത മട്ടില്‍, ഞാനെന്തോ നുണ പറഞ്ഞെന്നും അദ്ദേഹം പുതുതായെന്തോ കണ്ടെത്തിയുമെന്നും വരുത്തിത്തീര്‍ക്കാന്‍ നോക്കുകയാണ്.
ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കില്‍ കുറച്ച് ഫലിക്കുമായിരുന്നു. ഇന്നിപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന തരത്തില്‍ ലഭ്യമാണ്. മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലേ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. എന്നാല്‍ ഇതൊന്നും അറിയാത്തത് ആരാണെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത് എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.
ഇവിടെ ടെസ്റ്റുകള്‍ നടത്തുന്നതില്‍ പിന്നിലാണെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്കോ, ഐസിഎംആറിനോ, ഇന്ത്യാ ഗവണ്മെന്റിനോ, ഈ മേഖലയിലെ വിദഗ്ധര്ക്കോ കേരളം ഇക്കാര്യത്തില്‍ പുറകിലാണ് എന്ന അഭിപ്രായമില്ല. അവരൊക്കെ നോക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ടെസ്റ്റ് പെര് മില്യണ്‍ ബൈ കേസ് പെര് മില്യണും എന്ന മാനദണ്ഡങ്ങളാണ്. അവ നോക്കിയാല്‍ ഒരു ഘട്ടത്തില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച നിലയില്‍ ആയിരുന്നു.
ഇപ്പോള്‍ കേസുകളുടെ എണ്ണം കൂടിയിട്ടും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ നമ്മളുണ്ട്. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റേതായ മറ്റെന്തോ രീതി ഉപയോഗിച്ചാണ് ഈ കാര്യങ്ങള്‍ മനസ്സിലാക്കുന്നതെന്നു തോന്നുന്നു. ഈ മേഖലയിലെ വിദഗ്ധര്‍ സ്വീകരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളില്‍ അദ്ദേഹത്തിനു വിശ്വാസമില്ലെങ്കില്‍ അതിനെക്കുറിച്ച് ഞാനെന്തു പറയാനാണ്? സമൂഹം ഒരു പ്രതിസന്ധി നേരിടുമ്പോള്‍ പ്രതിരോധം ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണ് എന്നു മാത്രമേ പറയാനുള്ളൂ. ഇവിടെ മികച്ച ചികിത്സ നാം ഉറപ്പുവരുത്തുകയാണ്. സൗജന്യമായ ചികിത്സയാണ്. ഒന്നിനും ഒരു കുറവും നമ്മള് വരുത്തിയിട്ടില്ല.
ഹൗസ് സര്‍ജന്‍സി കഴിഞ്ഞുള്ള ഡോക്ടര്‍മാരെ കോവിഡ് പ്രതിരോധത്തിനായി നിയമിച്ചിരുന്നു. ഇവര്‍ക്ക് 42,000 രൂപ വെച്ച് പ്രതിമാസ വേതനം അനുവദിക്കുന്നതിന് 13.38 കോടി രൂപ ധനകാര്യ വകുപ്പ് അടിയന്തരമായി അനുവദിച്ചു.
മാസ്ക് ധരിക്കാത്ത 8385 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റെയ്ന് ലംഘിച്ച 15 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
കാലാവസ്ഥ
സംസ്ഥാനത്തു മഴ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഇപ്പോള്‍ നിലവിലില്ല.
ഇടുക്കി മൂന്നാര്‍ പെട്ടിമുടി ദരന്തത്തില്‍ മരിച്ചവരുടെ മൂന്ന് മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ മരണം 55 ആയി. ഇതില്‍ ഒന്ന് 12 വയസ്സുള്ള പെണ്‍കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കോവിഡ് പ്രതിരോധ ഭാഗമായി പെട്ടിമുടി ദുരന്തമേഖലയില്‍ തെരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാനിട്ടറൈസര്‍, മാസ്ക്, കയ്യുറ ഇവയെല്ലാം ആവശ്യാനുസരണം വിതരണം ചെയ്തുവരുന്നു. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്ന മുഴുവന്‍ ഭാഗത്തും അഗ്നിശമനസേനയുടെ സഹായത്തോടെ അണു നശീകരണം യഥാസമയം നടത്തുന്നുണ്ട്. തെരച്ചിലിലേര്പ്പെട്ടിള്ളവര്ക്ക് ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു.
ജില്ലയില്‍ ഇന്ന് 22 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 146 കുടുംബങ്ങളില്‍ 201 പുരുഷന്മാരും 186 സ്ത്രീകളും 47 കുട്ടികളുമായി 434 പേര് ക്യാമ്പിലുണ്ട്. 36 വീടുകള്‍ തകര്‍ന്നു. 103 ദുരിത ബാധിതരെ ക്യാമ്പുകളില്ലാതെ ബന്ധു ഗൃഹങ്ങളിലുമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്താകെ 648 ക്യാമ്പുകളിലായി 25,350 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ 324 നോണ്‍ റെസിഡെന്‍ഷ്യല്‍ ക്യാമ്പുകളില്‍ 22,920 കുടുംബങ്ങളിലെ 97,006 അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ജല കമ്മീഷന്റെ മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്നലെ മുല്ലപ്പെരിയാറില്‍ പരിശോധന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെറെയായതോടെയാണ് ഉപസമിതി അണക്കെട്ടിലെത്തിയത്. തേക്കടിയില്‍ നിന്നും ബോട്ടുമാര്‍ഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധിക്കുകയും ചെയ്തു.
വിമാനദുരന്തം
കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ആശുപത്രികളിലായി 83 പേരാണ് ചികില്‍സയിലുള്ളത്. 61 പേര് സുഖം പ്രാപിച്ചു വരുന്നു. 22 പേര് ഗുരുതരാവസ്ഥയിലാണ്.
വ്യാജ വാര്‍ത്ത
കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ രക്ഷാപ്രവര്‍ത്തനത്തിനിടെ വിമാനയാത്രക്കാരുടെ ബാഗേജ് മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ ഒരാളുടെ ചിത്രം പ്രചരിക്കുന്നുണ്ട്. ഇയാളെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തെന്നും, സാധനങ്ങള്‍ പിടിച്ചെടുത്തെന്നുമാണ് വ്യാജപ്രചരണം. രാഷ്ട്രീയ ശത്രുത തീര്‍ക്കുന്ന പ്രചാരണമാണുണ്ടായത്. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. ഇത് വ്യാജസന്ദേശമാണെന്ന് കരിപ്പൂര്‍ പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ വ്യക്തമാക്കി.
കെഎസ്ഇബിയുടെ ലോഗോ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ പ്രവര്‍ത്തനത്തെ പരിഹസിച്ചുകൊണ്ട് പ്രചരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് കണ്ണൂര്‍ ജില്ലാ കെഎസ്ഇബി വിഭാഗം അറിയിച്ചിട്ടുണ്ട്. ഇവ രണ്ടും തെറ്റിദ്ധാരണപരത്തുന്ന വ്യാജസന്ദേശങ്ങളാണെന്ന് പിആര്‍ഡിയുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വ്യാജവാര്‍ത്തകളുടെ നിജസ്ഥിതി അറിയുന്നതിന് ജില്ലാ പിആര്ഡികളുമായി പൊതിജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
വികസനം
കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019' ലൂടെ ഈ ഒന്‍പതുമാസത്തിനുള്ളില്‍ 2,550 സംരംഭങ്ങള്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായി. 2016-20 കാലഘട്ടത്തില്‍ ഈ മേഖലയില്‍ 5,231.05 കോടി രൂപയുടെ മൊത്ത നിക്ഷേപമാണുണ്ടായത്.
1,54,341 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും സാധിച്ചു. അനായാസമായി വ്യാപാരങ്ങള്‍ക്ക് തുടക്കമിടാനാകുന്ന ഈ നിയമം കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് പ്രാബല്യത്തില്‍ വന്നത്.
പത്തു കോടി രൂപ വരെ മുതല്‍മുടക്കുള്ള സംരംഭം തുടങ്ങാന്‍ മൂന്നുവര്‍ഷത്തേക്ക് ഒരനുമതിയും വേണ്ട എന്നതാണ് 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019' എന്ന നിയമത്തിലെ വ്യവസ്ഥ. ആദ്യ മൂന്നു വര്‍ഷത്തേക്ക് വിവിധ നിയമങ്ങള്‍ക്ക് കീഴിലുള്ള ലൈസന്‍സുകള്‍, അനുമതികള്‍, പെര്‍മിറ്റ് എന്നിവയില്‍ നിന്ന് ഒഴിവാകുന്നു. സ്വയം സാക്ഷ്യപത്രത്തേയാണ് മൂന്നു വര്‍ഷത്തേയ്ക്ക് ആധാരമാക്കുക. അതിന്റെ ഭാഗമായാണ് അനുമതി ലഭിക്കുക. ഇക്കാലയളവില്‍ യാതൊരുവിധ പരിശോധനകളും ഉണ്ടാവില്ല. ഇതിനുശേഷം ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് നേടണം. ചട്ടലംഘനത്തിനും വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ നല്‍കുന്നതിനും പിഴ ഈടാക്കും.
ദേശീയ തലത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ശക്തമായ മേഖലയായി ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് കേരളം 2019ല്‍ ഈ നിയമം പാസാക്കിയത്. കാര്‍ഷികമേഖല കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വളരെ കുറച്ച് മൂലധനം ആവശ്യമായ മേഖലയാണിത്. ഗ്രാമീണ പിന്നോക്ക പ്രദേശങ്ങളെ വ്യാവസായികവല്‍ക്കരണത്തിലേക്ക് നയിക്കുന്ന ഈ മേഖലയിലൂടെ പ്രാദേശിക അസന്തുലിതാവസ്ഥ കുറച്ച് വരുമാനം, സമ്പത്ത് എന്നിവയുടെ തുല്യവിതരണം ഉറപ്പാക്കാനാകും.
ഇതു കൂടാതെ ഇവ വന്‍കിട വ്യവസായങ്ങള്‍ക്ക് പൂരകവുമാണ്. മികച്ച ഉപഭോഗ അടിത്തറയും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള വലിയ വിപണിയും ഇത്തരം സംരംഭങ്ങളുടെ ആവശ്യകതയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്.
കോവിഡ്മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് ചെറുകിട-ഇടത്തര-സൂക്ഷ്മ വ്യവസായ മേഖല ശക്തിപ്പെടുത്തുന്നതിനാണ്.
മഴ ഷെല്‍ട്ടര്‍
ജനുവരിയില്‍ പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളില്‍ ഒന്നായിരുന്നു പച്ചക്കറി കൃഷിയുടെ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് ഉതകുന്ന മഴമറയുടെ റെയിന്‍ ഷെല്‍ട്ടര്‍ വ്യാപനം. കൃഷിക്കാര്‍ മഴമറ രീതിയ രണ്ടു കൈയും നീട്ടി സ്വീകരിച്ചു എന്നാണ് കാണുന്നത്.
സംസ്ഥാനത്ത് ആകെ ഇതുവരെ 440 മഴമറ സ്ഥാപിച്ചു കഴിഞ്ഞു. ഇതുവഴി 42,535 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് കൃഷി നടത്തുന്നു. ഈ മാസം അവസാനത്തോടെ പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കും. ഏകദേശം ഒരുലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 1076 മഴമറകള്‍ സ്ഥാപിച്ചു കൃഷി നടത്തും. മഴമറയില്‍ വര്‍ഷം മുഴുവന്‍ പച്ചക്കറികള്‍ കൃഷി ചെയ്യുവാന്‍ സാധിക്കും. ഇവ സ്ഥാപിക്കുന്നതിന് 75 ശതമാനം വരെ സബ്സിഡി (പരമാവധി 50,000 രൂപ വരെ) സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
സിറ്റി ഗ്യാസ്
എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ പുരോഗതി വലിയിരുത്തി. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് കമ്പനിയുടെ ഭാഗത്തുനിന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹായകമായ ക്രമീകരണം അവര്‍ ഏര്‍പ്പെടുത്തണം. ആവശ്യമെങ്കില്‍ പുതിയ ടീമിനെ കണ്ടെത്തി പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
ഇത് നാടിനാകെ ഉപകാരപ്രദമായ കാര്യമാണ്. കാരണം ഒരു വീട്ടില്‍ ഗ്യാസിന്റ ഇന്ധനചെലവില്‍ 30 ശതമാനത്തോളം കുറവ് വരും. മാത്രമല്ല, സ്ഥിരമായി ഗ്യാസ് ലഭ്യമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ജില്ലാഭരണ സംവിധാനം ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്ന് നിര്‍ദേശം നല്കി. ഉയര്‍ന്നുവരുന്ന പരാതികള്‍ പരിഹരിക്കുവാന്‍ പ്രത്യേക ഇടപെടല്‍ ഉണ്ടാകണം. ചിലപ്പോള്‍ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അക്കാര്യത്തില്‍ കൃത്യമായ നിലപാടുകള്‍ ഉണ്ടാക്കാനാണ് ധാരണ. എഗ്രിമെന്റിന്റെ ഭാഗമായി തന്നെ റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നാല്‍ അത് പുനസ്ഥാപിക്കുന്നതും പൂര്വസ്ഥിതിയിലാക്കുന്നതുമായ കാര്യങ്ങള്‍ രേഖപ്രകാരം ഉറപ്പുവരുത്തും. അതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് അതോടെ പരിഹാരം കാണാനാകും. സമയബന്ധിതമായി തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. 14,450 കണക്ഷനുകള്‍ ഇപ്പോള്‍ തന്നെ കൊടുക്കാന്‍ പാകത്തിലായി. റോഡിലൂടെയുളള പൈപ്പ് ലൈന്‍ പൂര്‍ത്തിയായാല്‍ ഉടനെ ഈ കണക്ഷന് നല്‍കാനാകും. ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തില്‍ മാസം തോറും റിവ്യൂ നടത്തണമെന്നും നിര്‍ദ്ദേശം നല്കി.
ക്ഷീര കര്‍ഷകര്‍ക്ക് സഹായം
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ആഗസ്റ്റ് 17 മുതല്‍ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്സിഡി നിരക്കില്‍ നല്കാന് തീരുമാനിച്ചു. ഏപ്രില്‍ മാസം അളന്ന പാലിന്റെ അടിസ്ഥാനത്തില്‍ പരമാവധി 5 ചാക്ക് കാലിത്തീറ്റ ഒരു കര്ഷകന് എന്ന നിലയില്‍ 2.95 ലക്ഷം ചാക്ക് കാലിത്തീറ്റ വിതരണം ചെയ്യും.
1,11,914 ക്ഷീര കര്‍ഷകരില്‍ നിന്നും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായുള്ള അപേക്ഷകള്‍ സ്വീകരിക്കും. അതില്‍ 95,815 അപേക്ഷകള്‍ വിവിധ ബാങ്കുകളില്‍ എത്തിക്കുകയും ചെയ്തു. 13,869 കര്‍ഷകര്‍ക്ക് ഇതുവരെ 88.2 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ബാങ്കുകള്‍ മുഖേന അനുവദിച്ചിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് പാല് സംഭരണ, വിപണന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ക്ഷീരസംഘം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ അടിയന്തിര സഹായമായി 10000 രൂപ ക്ഷീരവികസന വകുപ്പ് ലഭ്യമാക്കും. ക്ഷീരസംഘങ്ങളിലൂടെ സര്‍ക്കാര്‍ ധനസഹായത്തോടു കൂടി 8500 ടണ്‍ വൈക്കോലും പച്ചപ്പുല്ലും വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
പതിനാലാം കേരള നിയമസഭയുടെ 20-ാം സമ്മേളനം ആഗസ്റ്റ് 24ന് വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷനുള്ള കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ ഗ്യാരണ്ടി തുക 30 കോടിയില്‍ നിന്നും 100 കോടിയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.
കിന്‍ഫ്രയുടെ കൊച്ചി ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പദ്ധതിക്ക് പാലക്കാട് ജില്ലയില്‍ 1,800 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ യൂണിറ്റും സ്പെഷ്യല്‍ തഹസില്‍ദാര്‍ യൂണിറ്റും താല്കാലികമായി രൂപീകരിക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല കിന്‍ഫ്രക്കാണ്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2019-20 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍രേഖ പുറപ്പെടുവിച്ചു. കഴിഞ്ഞ തവണ നല്കിയ ബോണസ് തുകയില്‍ അധികരിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് അംഗീകരിച്ചത്.
നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബയിന്‍ ഫ്യൂവലിേډലുള്ള നികുതി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി, 10 വര്‍ഷത്തേക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതല നല്കി.
വി. ജയകുമാരന്‍ പിള്ളയെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടറായി പുനര്‍നിയമിച്ചു.
ഇടുക്കി രാജമലയിലെ, പെട്ടിമുടിയില്‍ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം അനുവദിച്ചു.
പെട്ടിമുടിയില്‍ മരണപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സാ ചിലവിനുള്ള തുകയും അനുവദിച്ചു. വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച 10 ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സാചിലവിനുള്ള തുകയുമാണ് അനുവദിച്ചത്.
കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സ്ഥിരം തസ്തിക സൃഷ്ടിച്ചു.
സഹായം
കെപിഎം ഹയര്‍ സെക്കന്ററി സ്കൂള്‍ വെള്ളിനല്ലൂര്‍ പി ടി എയും സ്കൂള്‍ സംരക്ഷണ സമിതിയും ചേര്‍ന്ന് ഓണ്‍ലൈന്‍ പഠന സഹായമായി 32 ടിവി, 11 ടാബ്ലറ്റ് കംപ്യൂട്ടര്‍, 11 മൊബൈല്‍ ഫോണ്‍ എന്നിവ വിതരണം ചെയ്തു.
മലപ്പുറം ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്, ജില്ലാ ശുചിത്വ മിഷന് എന്നിവര്‍ ചേര്‍ന്ന് ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്മാരില്‍ നിന്ന് സംഭാവനയായി സ്വീകരിച്ച 2.58 ലക്ഷം രൂപയുടെ കിടക്കകള്‍ കൈമാറി.
ദുരിതാശ്വാസം
- നിലമ്പൂരിലുള്ള പിജി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് 2,25,000 രൂപ.
- പെരിഞ്ഞനം വെസ്റ്റ്, റെഡ് സ്റ്റാര്‍ കൂട്ടായ്മ, കൈപ്പമംഗലം 85,000 രൂപ.
- എഐവൈഎഫ് അങ്കമാലി മണ്ഡലം കമ്മിറ്റി 77,000 രൂപ.
- സിപിഐ എം ചെറുവത്തൂര്‍ ഈസ്റ്റ് ലോക്കലിലെ ബ്രാഞ്ചുകള്‍ ചേര്‍ന്ന് 61,000 രൂപ.
- എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് കയ്യൂര്‍ ചീമേനി പഞ്ചായത്ത് 52,000 രൂപ.
- ആര്‍മി സര്‍വ്വീസില്‍നിന്ന് വിരമിച്ച കോട്ടയം സ്വദേശി റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ ബെന്നി തോമസ് 50,000 രൂപ.
- ചമ്പാട് തോട്ടുമ്മല്‍ യുവധാര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് 43,500 രൂപ.
- സ. മത്തായി ചാക്കോ പഠന കേന്ദ്രം വള്ള്യാട് 32,960 രൂപ.
- തൃക്കരിപ്പൂര്‍ ചെറുകാനത്ത് പി ശ്രീധരനും ഭാര്യ സുശീലയും ചേര്‍ന്ന് പെന്ഷന് തുക 55,000 രൂപ.
- തൃക്കരിപ്പൂര്‍ വടക്കേകൊവ്വല്‍ ടി.നാരായണനും ഭാര്യ നന്ദിനിയും ചേര്‍ന്ന് പെന്ഷന് തുക 53,842 രൂപ.
- കൊടക്കാട് പൊള്ളപ്പൊയില്‍ പി രാമചന്ദ്രന് മാസ്റ്റര്‍ പെന്ഷന് തുക 41,145 രൂപ.
- മേക്കുന്ന് പാറേമ്മല്‍ സഖാക്കള്‍ 23,827 രൂപ.
- ചെമ്പഴന്തി കല്യാറ വിദ്യയില്‍ അന്തരിച്ച സരോജിനി രാഘവന്റെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ 25000 രൂപ.
- നീലേശ്വരം പടിഞ്ഞാറ്റംകൊവ്വല്‍ നവജ്യോതി ക്ലബ് 25,100 രൂപ.
- കയ്യൂര്‍ ആലന്തട്ട ജനശക്തി സാംസ്കാരികവേദി 25,000 രൂപ.
- അനാമി എസ്ആര്‍, നെടുമങ്ങാട് അഞ്ചാം പിറന്നാള്‍ ദിനത്തിന് 5,000 രൂപ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)