
തിരുവനന്തപുരം: നഗരസഭയുടെ മുപ്പത്തിയൊന്ന് വർഡുകളിലായാണ് പൊങ്കാല ഉത്സവം നടന്നത്. പൊങ്കാല നിവേദ്യം കഴിഞ്ഞയുടനെ ഏകദേശം 2.15 ന് തന്നെ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തികൾ ആരംഭിച്ചു. പൊങ്കാല കഴിഞ്ഞ് അഞ്ച് മണിക്കൂറുകൾക്കകം തന്നെ നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം ശുചീകരണം പൂർത്തിയായി പഴയ നിലയിലായി.
നഗരസഭയുടെ 3,383 ശുചീകരണ തൊഴിലാളികളും, യുവജന ക്ഷേമ ബോർഡിന്റെ 300 യൂത്ത് ഫോഴ്സും, ഗ്രീൻ ആർമിയുടെ 250 പ്രവർത്തകരുമെല്ലാം എണ്ണയിട്ട യന്ത്രം പോലെ ചലിക്കുകയായിരുന്നു. വോളന്റിയർമാർ പ്രധാനമായും ഇഷ്ടികകൾ ശേഖരിക്കുന്ന പ്രവർത്തികളിലാണ് ഏർപ്പെട്ടത്. യുവജനക്ഷേമ ബോർഡിനൊപ്പം, വാട്ടർ ടാങ്കർ അസോസിയേഷൻ, തരംഗണി എന്നീ സംഘടനകളും ശുചീകരണ പ്രവർത്തികൾക്കായി നഗരസഭയ്ക്കൊപ്പം ചേർന്നു.
കഴിഞ്ഞ വർഷത്തേത് പോലെ ഈ തവണയും ശേഖരിച്ച ഇഷ്ടികകൾ ഭവന രഹിതർക്കായി വിതരണം ചെയ്യും. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ബൈപ്പാസ് കേന്ദ്രീകരിച്ച് പൊങ്കാലയുടെ എണ്ണം വർദ്ധിച്ചതായി കാണപ്പെട്ടു.
മേയർ കെ.ശ്രീകുമാർ ഡെപ്യൂട്ടി മേയർ രാഖി രവി കുമാർ, സ്ഥിരം സമിതി അധ്യക്ഷൻമാർ, സെക്രട്ടറി, ഹെൽത്ത് ഓഫീസർ, രണ്ട് ഹെൽത്ത് സൂപ്പർ വൈസർമാർ, 27 ഹെൽത്ത് ഇൻസ്പെക്ടർമാർ, 63 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ മുഴുവൻ പ്രവർത്തനങ്ങളെയും കൃത്യമായി ഏകോപിപ്പിച്ചു.
മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി പൊങ്കാലയും, ശുചീകരണ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനായി 4 ക്യാമറാ സംഘങ്ങൾ പ്രവർത്തിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് സെക്രട്ടറിയേറ്റ് പരിസരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൃത്രിമ മഴ ഉദ്ഘാടനം ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)