
തിരുവനന്തപുരം: മനുസ്മൃതിയാണ് ആര്.എസ്.എസിന്റെ ഭരണഘടനയെന്നും, പൗരത്വ ഭേദഗതി നിയമം മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ. മുനീര്‍. ഇത് വരുംനാളുകളില്‍ ദലിതുകള്‍, ക്രിസ്ത്യാനികള്‍, മൂന്നാം ലിംഗക്കാര്‍ അടക്കമുള്ളവരുടെ പ്രശ്നം കൂടിയാവും. കൂടാതെ, നായര്‍, ഈഴവന് എന്നിവരെയും പ്രതികൂലമായി ബാധിക്കും. രാജ്യത്തെ ഭരണഘടന മാറ്റി മനുസ്മൃതി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റ് വിഭാഗങ്ങള്‍ ഒരു പ്രശ്നമല്ലെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.
അടിവേരുകളോളം അഭിപ്രായ വ്യത്യാസമുള്ള സംസ്കാരങ്ങള്‍ക്ക് ഒരുമിച്ച് നില്ക്കാന് സാധിക്കില്ലെന്ന് ആര്.എസ്.എസ് നേതാവ് ഗോള്‍വാര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. ജര്‍മനിയില്‍ നിന്ന് പാഠം പഠിക്കണമെന്നും ഹിന്ദുവല്ലാത്തവര്‍ക്ക് യാതൊരു ആനുകൂല്യവുമില്ലാതെ ഇന്ത്യയില്‍ ജീവിക്കാമെന്നും ഗോള്‍വാര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ അന്തസില്ലാതെ ജീവച്ഛവങ്ങളെ പോലെ നിരവധി ആളുകള്‍ ഗുജറാത്തില്‍ കഴിയുന്നുണ്ട്. മതില് കെട്ടിയാണ് ഇത്തരക്കാരെ വേര്‍തിരിച്ചിരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു.
ദേശീയതയെ കുറിച്ച് സംസാരിക്കുന്ന സംഘ്പരിവാര്‍, ദേശീയ പതാകയെ മാനിക്കാന്‍ തുടങ്ങിയത് 2001-ന് ശേഷമാണ്. അതുവരെ കാവി പതാകയാണ് ഉപയോഗിച്ചിരുന്നത്. 1947-ല്‍ ജവഹര്‍ ലാല്‍ നെഹ്റു ദേശീയപതാക ഉയര്‍ത്തുമ്പോള്‍ നാഗ്പൂരില്‍ നാഥുറാം ഗോദ്സെ അടക്കമുള്ളവര്‍ കാവി പതാക ഉയര്‍ത്തിയ സാഹചര്യം രാജ്യത്തുണ്ട്. അത്തരക്കാരാണ് ഇന്ത്യയിലെ ജനങ്ങളെ ദേശീയത പഠിപ്പിക്കുന്നത്. നരേന്ദ്ര മോദി ദേശീയത പഠിപ്പിക്കാന്‍ വരുന്നു. പൗരത്വ രേഖ ചോദിക്കുന്നത് മുമ്പ് മോദി ഇന്ത്യയുടെ ചരിത്രം പഠിക്കട്ടെ'- മുനീര്‍ വ്യക്തമാക്കി.
ഹരിത പതാക ഉയര്‍ത്തുന്ന മുസ്ലിം ലീഗുകാര്‍ പാകിസ്താന്‍കാരാണെന്ന് പറയുന്ന ബി.ജെ.പി നിലപാടിന് മുമ്പില്‍ തല കുനിക്കില്ലെന്നും മുനീര്‍ വ്യക്തമാക്കി. അന്തസ്സോട് കൂടി ജീവിക്കാനുള്ള അവകാശം നല്കുന്ന ഭരണഘടന മോദിയും അമിത് ഷായും നശിപ്പിക്കുകയാണ്. ഭരണഘടന തകര്‍ത്തു കൊണ്ടിരിക്കുകയാണ്. സമത്വം തകര്‍ക്കുന്നതാണ് പൌരത്വ നിയമം.
സി.എ.എ-യും എന്‍.പി.ആറും പരസ്പര പൂരകങ്ങളാണ്. സെന്‍സസ് നടക്കുമ്പോള്‍ എന്‍പിആര്‍ എന്തിനാണ്? ഗോള്‍വാള്‍ക്കറുടെ സിദ്ധാന്തം നടപ്പാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാന്‍ ഇവിടെ ആരും വളര്‍ന്നിട്ടില്ല. നമ്മുടെ നെഞ്ചത്ത് കയറിയല്ലാതെ ഈ നിയമം പാസ്സാക്കാന്‍ അനുവദിക്കരുത്. കെ.സി ജോസഫ് മുന്നോട്ടുവെച്ച ഭേദഗതി അംഗീകരിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. കേരള പൊലീസ് ബി.ജെ.പിയുടെ ചട്ടുകമായി മാറുന്നുവെന്ന തോന്നലുണ്ടാക്കരുത്. പ്രക്ഷോഭകാരികളെ വെറുതെ ജയിലില്‍ അടക്കുന്ന സാഹചര്യം ഉണ്ട്. ഇത് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)