
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പാസാക്കിയ പാര്‍ലമെന്റിനെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തുന്നത് നുണപ്രചാരണമാണ്. മതം നോക്കിയോ രാഷ്ട്രീയം നോക്കിയോ ഏതെങ്കിലും പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ? അരികുവത്കരിക്കപ്പെട്ട ജനതയ്ക്കു വേണ്ടിയാണ് ഈ നിയമം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ രാംലീല മൈതാനിയില്‍ ബിജെപിയുടെ വിശദീകരണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
'തെറ്റായ കാര്യങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പരത്തുന്നവരോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഡല്‍ഹിയിലെ കോളനികള്‍ നിയമപരമാക്കിയപ്പോള്‍ ഞങ്ങള്‍ ആരുടെയെങ്കിലും മതം ചോദിച്ചോ? അവരുടെ രാഷ്ട്രീയം ചോദിച്ചോ? ജനങ്ങളുടെ അവകാശങ്ങള്‍ എടുത്തുകളയുകയാണ് ഞാനെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ രാജ്യം സ്വീകരിക്കാന്‍ പോകുന്നില്ല. ഏതെങ്കിലും തീരുമാനത്തില്‍ പക്ഷപാതിത്വം കണ്ടെത്താനാകുമോയെന്ന് നുണപ്രചാരകരെ വെല്ലുവിളിക്കുകയാണ്'- മോദി പറഞ്ഞു.
'കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒന്നരക്കോടിയോളം വീടുകളാണ് പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്. അവരോടൊന്നും കേന്ദ്രം മതം ചോദിച്ചിട്ടില്ല. ഞങ്ങള്‍ പാവപ്പെട്ടവരെ സഹായിക്കുകയാണ് ചെയ്തത്. എന്നിട്ടും എന്തിനാണ് ഒട്ടേറെ പേര് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്തുകൊണ്ടാണവര് രാജ്യത്തെ മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നത്?'- പ്രധാനമന്ത്രി ചോദിച്ചു.
'ഇന്ത്യയുടെ അതിവിശിഷ്ടമായ തത്വമാണ് നാനാത്വത്തില്‍ ഏകത്വം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഈ തത്വത്തില്‍ ഊന്നിയാണ്. അതാണ് രാജ്യത്തിന്റെ ശക്തി. കേന്ദ്രസര്‍ക്കാര്‍ ആരുടേയും മതം ചോദിച്ചിട്ടല്ല സഹായങ്ങള്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ അനേകം പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളെ സേവിച്ചു. രാജ്യത്തെ എട്ടു കോടിയിലേറെ ജനങ്ങള്‍ക്ക് പാചക വാതക കണക്ഷനുകള്‍ നല്കിയപ്പോള് ആരോടും ഞങ്ങള്‍ മതം ചോദിച്ചില്ല. കോണ്‍ഗ്രസിനോടും അവര്‍ക്കൊപ്പമുള്ള മറ്റു പാര്‍ട്ടികളോടും എനിക്കൊന്നു മാത്രമാണ് ചോദിക്കാനുള്ളത്, എന്തുകൊണ്ടാണ് രാജ്യത്തെ ജനങ്ങളോട് നിങ്ങള്‍ നുണ പറയുന്നത്. എന്തുകൊണ്ടാണ് അവരെ പ്രകോപിപ്പിക്കുന്നത്? ഒരാളോടു പോലും മതം ചോദിക്കാതിരുന്നിട്ടും എന്തിനാണ് ബിജെപിയെ എല്ലാവരും ചോദ്യം ചെയ്യുന്നത്?'- പ്രധാനമന്ത്രി മോദി തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളോടായി പറഞ്ഞു.
'100 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സമാധാനത്തിനു വേണ്ടിയല്ല നിലകൊള്ളുന്നത്. ഇപ്പോള്‍ സമരത്തിനു പിന്തുണ നല്‍കുന്നവരെ രാജ്യം തിരസ്കരിച്ചതാണ്. അവരിപ്പോള്‍ വിഭജിച്ചു ഭരിക്കുകയെന്ന പഴയ തന്ത്രവുമായി രംഗത്തു വന്നിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഒരുതരത്തിലും മതം നോക്കിയായിരിക്കില്ല നടപ്പാക്കുക. ഇന്ത്യയിലെ ഒരു പൗരനും അത്തരത്തിലൊരു പ്രശ്നമുണ്ടാകില്ല'.- മോദി പറഞ്ഞു.
അതേസമയം, ബിജെപി-യുടെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് രാംലീലയില്‍ നടത്തിയ പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രതിഷേധം അരങ്ങേറി. പൗരത്വ ഭേദഗതി നിയമത്തെകുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കവെയാണ് കാണികള്‍ക്കിടയില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത്. ഇയാളെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റി. പൗരത്വ നിയമം രാജ്യത്തിന്റെ നല്ല ഭാവിക്കു വേണ്ടിയാണ് എന്നു പറഞ്ഞപ്പോഴാണ് ഒരാള്‍ പ്രതിഷേധവുമായി എഴുന്നേറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടു ലക്ഷത്തിലധികം പേര് പങ്കെടുത്തെന്ന് ബിജെപി അവകാശപ്പെട്ട യോഗത്തിലാണ് ഒരാള്‍ മാത്രം പ്രതിഷേധമുയര്‍ത്തിയത്.
പ്രതിഷേധിച്ച ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇയാളെ ജനക്കൂട്ടത്തിനിടയില്‍ നിന്നു പുറത്താക്കി എന്നു മാത്രമാണു പോലീസ് നല്കുന്ന വിശദീകരണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)