
തിരുവനന്തപുരം: പൗരത്വ ദേദഗതി നിയമത്തിനെതിരേ മെഡിക്കല്‍ കോളേജ് കാംപസിലും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കോളേജ് യൂണിയന്റെയും എസ്എഫ്ഐയുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിലും ഡെന്റല്‍ കോളജിലും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് പ്രതിഷേധിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ തരം തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന പ്രഖ്യാപനത്തോടെ വിദ്യാര്‍ത്ഥികള്‍ മനുഷ്യച്ചങ്ങലയില്‍ പങ്കാളികളായി. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അസ്ലം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ ഓഫിസ് മുതല്‍ മെഡിക്കല്‍ കോളജ് അങ്കണം വരെ നീണ്ട ചങ്ങലയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കണ്ണികളായി.
അതേസമയം, പൗരത്വ നിയമ ഭേദഗതി പിൻവലിക്കും വരെ മദ്രാസ് സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിവന്ന അനിശ്ചിതകാല സമരം ചെയ്ത വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11.30-ഓടെയാണ് സർവകലാശാലക്കകത്ത് പോലിസ് എത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കിയത്. സമരം അവസാനിപ്പിച്ച് വിദ്യാർഥികൾ ഹോസ്റ്റൽ വിട്ടുപോകണമെന്ന് രജിസ്ട്രാർ ഉത്തരവിട്ടെങ്കിലും വിദ്യാർഥികൾ ഇതിന് തയ്യാറാകാതെ സർവകലാശാലയുടെ ഉള്ളിൽ പ്രതിഷേധ സമരം തുടരുകയായിരുന്നു. ക്ലാസുകൾ ബഹിഷ്കരിച്ചാണ് മദ്രാസ് സർവകലാശാലയിൽ സമരം തുടങ്ങിയത്. പൗരത്വ നിയമഭേദഗതിക്ക് എതിരേ പ്രതിഷേധിച്ച ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് പിന്തുണയർപ്പിച്ചായിരുന്നു സമരം.
മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പോലിസ് തടഞ്ഞിരുന്നു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കാംപസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നായിരുന്നു വിശദീകരണം. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കമല്‍ ഹാസൻ പിന്തുണ പ്രഖ്യാപിച്ചെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ചൊവ്വാഴ്ച പോലിസ് പിടികൂടിയ രണ്ട് വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബീച്ച് റോഡ് വഴി സര്‍വകലാശാലയിലേക്ക് എണ്‍പതോളം വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇവരില്‍ രണ്ടുപേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് കാംപസിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായത്.
എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. രാജ്യത്തെ പല നഗരങ്ങളിലും വ്യപകമായി നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ന് പ്രതിഷേധ റാലികള്‍ നടക്കും. ചെന്നൈ, പൂനെ, ഹൈദരവാദ്, നാഗ്പൂര്‍, ഭുവനേശ്വര്‍, കൊല്‍ക്കൊത്ത, ഭോപാല്‍ തുടങ്ങിയ പത്ത് വന്‍നഗരങ്ങളിലാണ് പ്രതിഷേധറാലി. ലക്കനൗ, ഡല്‍ഹി തുടങ്ങിയവിടങ്ങളിലും റാലികള്‍ നിശ്ചയിച്ചിരുന്നെങ്കിലും പോലിസ് നിരോധനാജ്ഞ പുറപ്പെടുവിച്ചതിനാല്‍ നടക്കാന്‍ സാധ്യത കുറവാണ്. ട്രാഫിക് പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പ്രകടനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്.
പൗരത്വ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചതിനു ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഡല്‍ഹി തുടങ്ങിയവിടങ്ങളില്‍ സമരം ശക്തമാണ്. നിലവില്‍ ഡല്‍ഹിയാണ് സമരകേന്ദ്രം. വിവിധ കോളേജുകളിലെയും സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥികളാണ് സമരത്തിനു മുന്നില്‍. സമരം ശക്തമായതോടെ ജാമിഅയില്‍ പോലിസ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതര്ക്കുകയും ചെയ്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റിലൂടെ പ്രശ്നം പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ അതിനു പുറത്ത് കാര്യങ്ങള്‍ എളുപ്പമല്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)