
ന്യൂഡല്‍ഹി: വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധിയില്‍ നിന്ന് സൈന്യത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കരസേന സുപ്രീംകോടതിയെ സമീപിച്ചേക്കും. വിവാഹേതര ബന്ധത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാംവകുപ്പ് റദ്ദാക്കിയതിലൂടെ സൈന്യത്തിലെ അച്ചടക്കം ലംഘിക്കപ്പെടുമെന്ന ആശങ്കയിലാണ് കരസേന.
2018-ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരേയാണ് കരസേനയുടെ എതിര്‍പ്പ്. വിഷയം പ്രതിരോധമന്ത്രാലയത്തിന് മുമ്പില്‍ കരസേന ഉന്നയിച്ചു. ജോലിയുടെ ഭാഗമായി പുരുഷ ഉദ്യോഗസ്ഥന്മാര്ക്ക് മാസങ്ങളോളം കുടുംബത്തെ വിട്ടുനില്‍ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ അച്ചടക്കമില്ലാത്ത പെരുമാറ്റം ചില പുരുഷ ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വിരമിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ട കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരായ പട്ടാളവിചാരണ കഴിഞ്ഞ മാസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിവാഹേതര ബന്ധത്തിനെതിരേ കരസേനാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം നടപടി സ്വീകരിച്ചിരുന്നത്. അതിനാല്‍, 497-ാംവകുപ്പ് റദ്ദാക്കിയതോടെ ഇത്തരം കുറ്റമാരോപിക്കപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കുന്നതില്‍ സേനയ്ക്കുമേല്‍ നിയന്ത്രണം വന്നിരിക്കുകയാണ്. ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയുമായി മറ്റൊരു ഉദ്യോഗസ്ഥന് ബന്ധപ്പെട്ടതായി തെളിഞ്ഞാല്‍ കുറ്റക്കാരനെ സര്‍വീസില്‍നിന്ന് പുറത്താക്കാന്‍ സൈനികചട്ടങ്ങള്‍ പ്രകാരം സാധിക്കും. എന്നാല്‍, 497-ാം വകുപ്പ് നീക്കിയത് അച്ചടക്കം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ വെല്ലുവിളി സൃഷ്ടിക്കുമെന്ന് സേനാവൃത്തങ്ങള്‍ പറയുന്നത്.
ദാമ്പത്യത്തില്‍ ഭര്‍ത്താവിന് മേധാവിത്വം നല്കുന്ന 100 വര്‍ഷത്തിലേറെ പഴക്കമുള്ള നിയമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2018 സെപ്റ്റംബറില്‍ വിവാഹേതരബന്ധത്തെ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് ക്രിമിനല്‍ കുറ്റമല്ലാതാക്കിയത്. വിവാഹിതയുമായി ഉഭയസമ്മതത്തോടെ ബന്ധപ്പെട്ടാലും ആ സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷനെ മാത്രം ക്രിമിനല്‍ക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു 497-ാംവകുപ്പ്.
പുരുഷന്റെ സ്വകാര്യസ്വത്താണ് സ്ത്രീയെന്ന സങ്കല്പത്തില് ഊന്നിയുള്ള വ്യവസ്ഥയായിരുന്നു ഇതെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. ഏകപക്ഷീയമാണ് വിവാഹേതരബന്ധ നിയമമെന്നും സ്ത്രീയുടെ അന്തസ്സിനെ ഇത് അവഹേളിക്കുന്നെന്നും അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)