
വിദ്യാർഥി വിഭാഗമായ എസ്എഫ്ഐ-യില്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൻ്റെ വിലയിരുത്തല്‍. ഇവരെ തിരിച്ചറിഞ്ഞ് തിരുത്തല്‍ നടപടികള്‍ ശക്തമാക്കാനും സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചു.
എസ് എഫ് ഐ-യെ തകർക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ട്. സംഘടനയിലേക്ക് സാമൂഹ്യ വിരുദ്ധശക്തികൾ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇതുമൂലമാണ് എസ്എഫ്ഐ മൂല്യങ്ങളുടെ കാര്യത്തില്‍ താഴേക്ക് പോയത്. ഇത് തടയാന്‍ പാര്‍ട്ടി തലത്തില്‍ ശ്രദ്ധ ഉണ്ടാവണമെന്നും സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടായി.
സംഘടനയെ മോശമായി ചിത്രീകരിക്കാൻ യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വലിയ അപവാദപ്രചരണങ്ങളാണ് നടക്കുന്നത്. ഈ അപവാദങ്ങളെ പ്രതിരോധിക്കാൻ മറുപടിപ്രചാരണം ശക്തമാക്കണം. ഇതിനായി ഒരു വിദ്യാഭ്യാസസംരക്ഷണ സമിതിയോ യൂണിവേഴ്സിറ്റി കോളേജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു സമിതിയോ രൂപീകരിക്കണമെന്നും സെക്രട്ടേറിയേറ്റില്‍ തീരുമാനമായി.
യോഗത്തിൽ എസ് എഫ് ഐ യ്ക്കെതിരെ ആരോപണങ്ങളൂയർന്ന സാഹചര്യത്തിൽ സംഘടനാ തലത്തിൽ താഴേതട്ടിൽ ആവശ്യമായ യൂണിറ്റുകളിൽ അഴിച്ചുപണി നടത്താനും സി പി എം നിർദ്ദേശം നൽകുമെന്നറിയുന്നു. യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തെത്തുടർന്നുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലും വിമർശനം ഉയർന്നിരുന്നു. വിഷയത്തിൽ എസ്എഫ്ഐ കൈക്കൊണ്ട നടപടികളും പൊലീസിന്റെ കാര്യക്ഷമമായ അന്വേഷണവും താഴെ തട്ട് വരെ റിപ്പോർട്ട് ചെയ്യാനും സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)