
വാഗ: പാകിസ്ഥാന് കസ്റ്റഡിയിലകപ്പെട്ട ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധന് രാജ്യത്തിലേക്ക് തിരികെയെത്തി. മൂന്നു ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് അഭിനന്ദന് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിയെത്തുന്നത്. വാഗ അതിര്‍ത്തിയില്‍ നടന്ന ബീറ്റിംഗ് റിട്രീറ്റിനിടെയാണ് പാകിസ്താന് അഭിനന്ദനെ കൈമാറിയത്.
വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാകിസ്ഥാനില്‍ നിന്നും ഏറ്റുവാങ്ങുന്നതിനോടനുബന്ധിച്ച് വാഗ അതിര്‍ത്തിയില്‍ ഇന്ത്യ നടത്താനിരുന്ന ബീറ്റിംഗ് റിട്രീറ്റ് റദ്ദാക്കി. അഭിനന്ദന്റെ കൈമാറ്റം വൈകിട്ടത്തേയ്ക്ക് മാറ്റിയതോടെയാണ് ചടങ്ങില്‍ നിന്നും പിന്മാറാന് ഇന്ത്യ തീരുമാനിച്ചത്.
ഇന്ത്യാ-പാക് നയന്ത്ര പ്രതിനിധികള്‍ രേഖകളില്‍ ഒപ്പ് വെച്ച ശേഷം, വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ റാവല്‍പിണ്ടിയില്‍ നിന്നും 2 മണിയോടെ ലാഹോര്‍ സൈനിക വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് അറിയിച്ചുവെങ്കിലും വൈകുകയായിരുന്നു. അവിടെ നിന്നും റോഡ് മാര്‍ഗം വാഗ അതിര്‍ത്തിയിലേയ്ക്ക് പുറപ്പെട്ട അഭിനന്ദനെ വ്യോമാസേനയ്ക്കായി സ്വീകരിച്ചത് ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ.ഡി. കുര്യന് ആയിരുന്നു. അഭിനന്ദനെ തിരികെ കൊണ്ടു വരാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം ലാഹോറിലേക്ക് അയക്കാം എന്ന് ഇന്ത്യ അറിയിച്ചെങ്കിലും ഈ നിര്‍ദേശം പാകിസ്ഥാന് തള്ളുകയായിരുന്നു. പഞ്ചാബിലെ വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ മടക്കി അയക്കാം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പാകിസ്ഥാന്.
ഇവിടെയെത്തിയ പാക് സൈന്യം റെഡ് ക്രോസിനാണ് അഭിനന്ദനെ കൈമാറിയത്. തുടര്‍ന്ന് റെഡ്ക്രോസ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയാല്‍ ഉടന്‍ തന്നെ അഭിനന്ദനെ ദില്ലിയില്ലേക്ക് കൊണ്ടും പോകും. മെഡിക്കല്‍ പരിശോധനകള്‍ അടക്കം പല നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാവും അഭിനന്ദനെ കുടുംബത്തിനൊപ്പം വിടുക.
വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ തിരികെ സ്വീകരിക്കാന്‍ വാഗ അതിര്‍ത്തിയിലെ പൊതുജനങ്ങളും പൊലീസ് ഉദ്യോഗസ്ഥരും വന്‍ തയ്യാറെടുപ്പാണ് നടത്തിയത്. ദേശീയ പതാകയും മധുരവും ബാന്‍ഡ് മേളവുമൊക്കെയായി വാഗ അതിര്‍ത്തിക്കിപ്പുറം നിലയുറപ്പിച്ചിരിക്കുകയായിരുന്നു ജനങ്ങള്‍. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ വീരപുത്രനാണ് അഭിനന്ദനെന്നും, അഭിനന്ദനെ അഭിമാനപൂര്‍വ്വം സ്വീകരിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.പാക് പട്ടാളത്തിന്റെ മുമ്പില്‍ പതറാതെ തലയുയര്‍ത്തി നിന്ന വിംഗ് കമാന്‍ഡറോട് വലിയ ബഹുമാനവും സ്നേഹവുമാണ് ജനം പ്രകടിപ്പിച്ചത്.
കനത്ത സുരക്ഷയാണ് വാഗ അതിര്ത്തിയിലൊരുക്കിയിരുന്നത്. അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഇപ്പുറം വരെയാണ് പൊതു ജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കിയിരുന്നത്.
അഭിനന്ദനെ സ്വീകരിക്കാനായി മാതാപിതാക്കള്‍ വാഗ അതിര്‍ത്തിയില്‍ എത്തിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)