
കൊച്ചി: ശബരിമല പോലീസ് നടപടിയിൽ ഒരുകൂട്ടം ഹർജികൾ പരിഗണിക്കവേ, ശബരിമല യുദ്ധമുഖം ആക്കിയതിൽ ഹർജിക്കാർക്കും പങ്കെന്ന് ഹൈക്കോടതി. ഇതോടെ വിശ്വാസികളാണ് സമരം നയിക്കുന്നതെന്ന ബിജെപി-യുടെ വാദത്തിലേറ്റ കനത്ത അടിയായി.
ശബരിമല പോലീസ് നടപടിയിൽ കോടതി നേരത്തെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. വിശ്വാസികളെ തടയാൻ പോലീസിന് ആരാണ് അധികാരം നൽകിയത് എന്നാണ് കോടതി ചോദിച്ചത്. തുടർന്നുനടന്ന വാദത്തിലാണ് കോടതി, ഹർജിക്കാർ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന നിരീക്ഷണം നടത്തിയത്. സമാധാനം ഉണ്ടാക്കാൻ രാഷ്ട്രീയപാർട്ടികൾ പോലീസുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ശബരിമലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെന്നും, തീർഥാടകരെ തടഞ്ഞത് സാമൂഹ്യവിരുദ്ധർ ആണെന്നും അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ പറഞ്ഞു. ഇതിനായി ശബരിമലയിലേക്ക് പ്രവർത്തകരോട് എത്തിച്ചേരാൻ ആവശ്യപ്പെട്ട് ബിജെപി ഇറക്കിയ സർക്കുലർ എ.ജി കോടതിയിൽ ഹാജരാക്കി. സർക്കുലറിൽ ചുമതലപ്പെടുത്തിയവര് ക്രിമിനൽ കേസിലെ പ്രതികൾ ആണെന്നും എ.ജി വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാവുകയായിരുന്നു.
ശബരിമലയിലെ അറസ്റ്റ് അല്ല പരിഗണനാ വിഷയം എന്നും, പ്രായം ചെന്നവരെയും കുട്ടികളെയും ഇറക്കിവിടാൻ ആകില്ലെന്നും കോടതി പറഞ്ഞു. തീർത്ഥാടകരുടെ യാത്ര സുഗമമാക്കണമെന്നും ടിക്കറ്റെടുത്തവരെ നെയ്യഭിഷേകം കഴിയാതെ ഇറക്കിവിടരുതെന്നും ഹൈകോടതി ആവശ്യപ്പെട്ടു.
അതേസമയം, നിയന്ത്രണങ്ങളെ കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും, കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കാനും നിർദേശിച്ചുകൊണ്ട് കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ശബരിമല കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് പരിഗണിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)